മലയാറ്റൂർ മല മുകളിൽ നിന്ന് പെട്ടെന്ന് ദൈവത്തിന്റെ ഒരു ഫോൺ കോൾ വന്നു. നിന്റെ അക്കൗണ്ടിൽ പൈസ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഉണ്ട്. എന്നാൽ ഒരു 5000 രൂപ നീ അയച്ചു തരുമോ എന്ന് ചോദിച്ചു ദൈവം. എന്തിനാണ് ദൈവത്തിന് 5000 രൂപ ഇത്ര പെട്ടെന്ന് എന്ന് ഒരു ചോദ്യം മനസ്സിൽ ഉയർന്നെങ്കിലും അത് മനസ്സിൽ മാത്രം വച്ച് ഞാൻ പണം അയച്ചു കൊടുത്തു. അതെല്ലാം കഴിഞ്ഞ് ഞാൻ ചോദിച്ചു എന്താ ഇത്ര അത്യാവശ്യം എന്ന്. എന്നാൽ ദൈവം വളരെ ദുഖിതനായി സംസാരിച്ചെങ്കിലും കാര്യം വ്യക്തമാക്കാൻ മടിക്കുന്നതായി തോന്നി. എന്നാലും ദൈവം ചിലത് ഒക്കെ അവ്യക്തമായി പറഞ്ഞു. പറഞ്ഞത് കഥയാണോ എന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ ഫോണിൽ പറഞ്ഞ കഥ കേട്ട് ഞാൻ സങ്കടം കൊണ്ട് കരഞ്ഞു. സംശയമനസ്സിൽ തികട്ടിവരുമ്പോഴും പറഞ്ഞ സംഭവങ്ങൾ കേട്ട് ഞാൻ തളർന്നിരുന്നു. എന്റെ മനസ്സിൽ കൂടെ ഒരായിരം ചോദ്യങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. കഥയിലെ നായികയായ അവൾ ദൈവത്തിന്റെ ആരായിരിക്കും. ? ഇതുവരെ നേരിലോ അല്ലാതെയോ ദൈവം അവളെ കണ്ടിട്ടില്ല എന്നാണ് എന്നോട് പറഞ്ഞത്. അത് സത്യമോ കള്ളമോ ?പണം നൽകി സഹായിക്കുക എന്നൊക്കെ പറഞ്ഞാൽ എന്താണ് അതിനും മാത്രം ദൈവം ഇടപെടുന്നു? എന്തിനാണ് ഒരു ഫ്രണ്ട് എന്നൊക്കെ പറയുന്നതും അവിശ്വസനീയവുമായ കഥ എന്നോട് പറഞ്ഞതും തമ്മിൽ ഒരു ചേർച്ചയില്ലായ്മ. പല തരം സംശയങ്ങൾ ചോദ്യങ്ങളായി അവ ഓരോന്നായി എന്റെ മനസ്സിൽ കൂടെ മിന്നി മറഞ്ഞുപോയി. ദൈവം എന്തായാലും മലയാറ്റൂർ മലയിലല്ലേ.... നല്ല കാര്യത്തിന് പോയതല്ലേ... അതിനാൽ എന്തായാലും നുണ പറയില്ല എന്ന് ഞാൻ വിശ്വസിച്ചു.
എന്തായാലും 24 മണിക്കൂറിന് ശേഷം ദൈവം തിരികെയെത്തി.ദൈവം യാത്ര കഴിഞ്ഞ് മടങ്ങി ഓഫിസിലെത്തി. ഞാൻ വിവരങ്ങൾ തിരക്കി.ആ നിഷ്കളങ്കയുടെ വിശേഷങ്ങൾ മാത്രമായിരുന്നു സംസാര വിഷയം. പക്ഷെ കഥ വളച്ചുകെട്ടി പറഞ്ഞതായാണ് തോന്നിയത്.അവർ തമ്മിൽ ഉള്ള ആ അടുപ്പത്തെ ഞാനല്ല ആരായാലും കെട്ടിച്ചമച്ചതെന്നേ ആരു കേട്ടാലും പറയു.ആ കഥ സംശയം വർധിപ്പിച്ചു. ദൈവത്തെ കുറിച്ച് വളരെ മോശമായി വരെ ചിന്തിക്കാൻ കാരണമായി.അതിനിടയിൽ എപ്പോഴോ ദൈവം എന്നോട് പറഞ്ഞു, നിന്നെ അവൾ വിളിക്കും, അവളോട് സംസാരിക്കണമെന്ന്. ഞാൻ മടിച്ചു. ഇപ്പോൾ മാസത്തിൽ നല്ലൊരു തുക ദൈവത്തിന്റെ കയ്യിൽ നിന്നും അവർ തട്ടിയെടുക്കുന്നതാണ് എന്നാണ് ഞാൻ സംശയിച്ചത്. മറ്റാരായാലും അതങ്ങനെയേ സംശയിക്കൂ എന്നും എനിക്ക് ഉറപ്പായിരുന്നു. ദൈവം ചിലപ്പോൾ ഒക്കെ സ്വന്തം കൈയിലെ പൈസ തീരുമ്പോൾ എന്റെ കയ്യിൽ നിന്നും പൈസ കടം വാങ്ങും. അത് അവൾക്ക് അയച്ചു കൊടുക്കുവാൻ വേണ്ടിയായിരുന്നു. അപ്പോൾ ഞാൻ ഓർക്കും, ബാംഗ്ലൂർ ഉള്ള പല സ്ത്രീകളും ഇത്തരം തട്ടിപ്പുകൾ ഒക്കെ പറഞ്ഞു നല്ല തുകയൊക്കെ തട്ടി എടുക്കുന്നവരാണ് എന്നൊക്കെ. അല്ലങ്കിലും ഈ ദൈവം എന്തിനാണ് എന്റെ ഫോൺ നമ്പർ അവൾക്ക് നൽകിയത് ?അവൾ എന്തിനാണ് എന്നെ വിളിക്കുന്നത്? അവരെ പറ്റി കൂടുതലായി അറിയണമെന്ന് കരുതി ദൈവത്തിനെ നേരിൽ പോയി കണ്ട് ഞാൻ പറഞ്ഞു, സത്യസന്ധമായി എന്നോട് തുറന്നു പറയണം - ശരിക്കും ആ സ്ത്രീ ആരാ? എന്തിനാ ദൈവത്തിന് ആ സ്ത്രീയോട് ഇത്ര സ്നേഹം. ദൈവം പറഞ്ഞു അവൾ ഒരു നിഷ്ക്കളങ്ക. അതായിരുന്നു ദൈവത്തിന്റെ മറുപടി. കള്ളം തന്നെ കള്ളം ഞാൻ മനസ്സിൽ പിറുത്തു. നേരിൽ കാണാത്ത ഒരു സ്ത്രീ, അവരെയാണ് ദൈവം കണ്ണടച്ച് വിശ്വസിച്ചു നിഷ്കളങ്ക എന്നൊക്കെ പുകഴ്ത്തുന്നത്. ശരിക്കും ദൈവത്തിന് വട്ടാണോ അതോ ദൈവമൊരു കള്ളനാണോ? ചിലപ്പോൾ വെറുപ്പ് വരെ തോന്നി.
ഒരിക്കൽ ദൈവം ആ കഥ പറഞ്ഞു തുടങ്ങി. തന്റെ സോഷ്യൽ മീഡിയ സുഹൃത്തുക്കളിൽ ഒരാൾ ആണ് അവൾ - നിഷ്കളങ്ക. അവൾ ഒരു കോടീശ്വരിയാണ്.
പിന്നെ..... ഒരു കോടീശ്വരി! .....എന്നിട്ടല്ലേ ഭക്ഷണം കഴിക്കാൻ പോലും ദൈവം പണം നൽകുന്നത് - ഞാൻ മനസ്സിൽ പറഞ്ഞു . ഞാൻ വളരെ പുച്ഛത്തോടെ ദൈവത്തെ നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ ദൈവം ചോദിച്ചു - നീ പൂന്താനത്തിൻ്റെ ജ്ഞാനപ്പാന വായിച്ചിട്ടില്ലേ? അത് ശരിയാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ...? ഞാൻ പറഞ്ഞു അത് വളരെ ശരിയാണെന്ന്. പക്ഷെ ഇത് ജ്ഞാനപ്പാനയല്ലല്ലോ. അപ്പോൾ ദൈവം പറഞ്ഞു - അതിൽ " മാളിക മുകൾ ഏറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ" എന്ന് പറഞ്ഞു വച്ചിട്ടില്ലേ? ഉണ്ട് - ഞാൻ മറുപടി പറഞ്ഞു. എന്നാൽ അത്തരം നിരവധി സംഭവങ്ങൾ ഓരോ നിമിഷവും ഓരോ വിധത്തിൽ ഈ ലോകത്ത് നടക്കുന്നുണ്ട്. അതിലൊരു നിഷ്കളങ്ക പെട്ടു പോയി. അവളെ രക്ഷിക്കണം. ദൈവം പറയുന്ന ഈ കാര്യങ്ങൾ ഒന്നും മനസ്സിലാക്കാതെ ഞാൻ മിഴിച്ചിരുന്നു.
ദൈവം കഥ തുടർന്നു, കോടീശ്വരനായ ഒരു അച്ഛന്റെയും അമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തവൾ ആയിരുന്നു അവൾ. അച്ഛൻ വലിയ കോടീശ്വരനായ വ്യവസായി. പലയിടത്തും കമ്പനി നടത്തുന്നു. അമ്മ ആയുർവേദ ഡോക്ടർ. ബാംഗ്ലൂർ സിറ്റിയിൽ തന്നെ മൂന്നു നില ഫ്ലാറ്റ്. അനന്ത പത്മനാഭന്റെ മണ്ണിൽ സ്വന്തമായി ഒരു വലിയ വീടും ഏക്കർ കണക്കിന് സ്വത്തുക്കളും. വീട്ടിൽ ആഡംബര കാറുകൾ രണ്ടുമൂന്നെണ്ണം. ജോലിക്കാർ നിരവധി ഡ്രൈവർമാർ തന്നെ ഒരേ സമയം രണ്ടുപേർ. സന്തോഷകരമായ ജീവിതം. തറയിൽ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കുമെന്ന് പറഞ്ഞ് വളർത്തിയെടുത്ത മകളാണവൾ. വളരെ ആർഭാടകരമായ ജീവിതം നയിക്കുന്നവൾ. ദൈവം എന്തോ ആലോചിച്ചു കൊണ്ട് ഒരു നിമിഷം മൗനമായി നിന്നു. ഒരു ദീർഘവിശ്വാസം വിട്ടുകൊണ്ട് ദൈവം കഥ കുറച്ച് സമയത്തേക്ക് ഒന്ന് നിർത്തി. എന്തോ ഒരു വലിയ ആലോചനയിലായിരുന്നു ദൈവം. ഞാൻ വളരെ ആകാംഷയോടെ കഥ കേൾക്കാനായി കാതോർത്തിരുന്നു. ദൈവം പറഞ്ഞു,
എനിക്ക് ഒരിക്കൽ ഒരു ജോലി വേണമെന്ന് തോന്നി. ഞാനവളോട് ചോദിച്ചു ഒരു ജോലി ശരിയാക്കി തരാമോ എന്ന്.അവൾ അവളുടെ കമ്പനിയിൽ അഞ്ചക്ക ശമ്പളമുള ഒരു ജോലി ഓഫർ ചെയ്തു. പക്ഷെ ദൈവം അവിടേക്ക് പോയില്ല. ഞാൻ ചോദിച്ചു പിന്നെന്താ അത് നിരസിച്ചത്. ദൈവം പറഞ്ഞു നമ്മുടെ സ്വന്തം നാട് വിട്ടു ഞാനില്ല, എത്ര വലിയ ഓഫർ വന്നാലും. ദൈവം കഥ തുടർന്നു അന്നത്തെ കാലത്ത് നിലവാരം വച്ച് നോക്കിയാൽ ആർഭാടമായി അവളുടെ വിവാഹം അച്ഛൻ നടത്തി. അച്ഛപെങ്ങളുടെ മകനുമായിട്ട്. അന്നവൾ എഞ്ചിനിയറിങ്ങ് വിദയാർത്ഥിയാണ്. 19 വയസ്സ്. എന്നിട്ടും ഒരക്ഷരം എതിർക്കാതെ അച്ഛന്റെ ഇഷ്ടപ്രകാരം അവൾ നടന്നു. സർവ്വാഭരണ വിഭൂഷിതയായി അവൾ മണ്ഡപത്തിൽ പോയി കഴുത്ത് നീട്ടിക്കൊടുത്തു. ആ കാലത്ത് ഒരു ആർഭാട വിവാഹം എന്നൊക്കെ വെച്ചാൽ കോടീശ്വരന്മാർക്ക് മാത്രം കഴിയുന്ന കാര്യം. പക്ഷെ ആ ആർഭാടപരമായ വിവാഹത്തിന്റെ ആയുസ്സ് ഒന്നോ രണ്ടോ മാസക്കാലം മാത്രമായിരുന്നു! കാരണം അയാൾക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നു. സ്വന്തം അമ്മാവൻ പറഞ്ഞപ്പോൾ എതിർക്കുവാൻ കഴിയാതെ തലകുനിച്ച് അനുസരിച്ച ഒരു മരുമകനായി അയാൾ അഭിനയിക്കുകയായിരുന്നു. ആ സത്യം മനസ്സിലാക്കിയ കുടുംബം ഞെട്ടി. സത്യം മനസ്സിലാക്കാൻ വൈകി. അയാൾ ജോലിക്ക് എന്ന് പറഞ്ഞ് പോയിട്ട് പിന്നെ തിരികെ വരാതെയായി. അപ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു കുരുന്നു ജീവൻ തുടിക്കുന്നത് അവൾ അറിഞ്ഞു. അവൾ അതിനെ 10 മാസം ചുമന്ന് പ്രസവിച്ചു. ആ കുഞ്ഞിനെ പോലും ഒരു നോക്ക് കാണാൻ അയാൾ വന്നില്ല. ഒടുവിൽ അച്ഛൻ തന്നെ തീരുമാനമെടുത്തു. വിവാഹമോചനം. അതും അവൾ, ആ പാവം തലകുനിച്ച് നിന്ന് കേട്ട് തലയാട്ടി സമ്മതിച്ചു. ആലോചനയില്ലാതെ ആ മാതാപിതാക്കൾ ചെയ്തുവച്ച ഒരു തെറ്റിന് സ്വയം ശിക്ഷ അനുഭവിച്ചുകൊണ്ട് അമ്മയും മകനും അനന്തപുരി വിട്ട് ബാംഗ്ലൂരിലേക്ക് ചേക്കേറി. അവളുടെ അഛനും അമ്മയും ജീവിതം ബാംഗ്ലൂരിലേക്ക് പറിച്ചുനട്ടു. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പരിചരണത്തിൽ ഒരു കുഞ്ഞ് അവളോടൊപ്പം അവിടെ ജീവിച്ചു തുടുങ്ങി. അവർ അവിടെ ജീവിച്ചു വളരെ നിഷ്കളങ്കമായി തന്നെ! പിന്നെ..... (തുടരും)
ഷിജിന സുരേഷ്
The Story of an Innocent Pearly White Dove - 2 Continued.